Sunday 27 April 2008

മലയാള ഭാഷ....

"കാട്ടുപൂക്കള്‍...." എന്നോ മറ്റോ പേരില്‍ തുടങ്ങുന്ന 'യാത്രാവിവരണം' വായിച്ച്‌ വികാരവിവശനായ ആ രാത്രി...

സാഹിത്യം നിറച്ച്‌ നിറച്ച്‌, അവസാനം ഗ്ഗ്ലാസ്സില്‍ നിന്നും, പുറത്തേയ്ക്ക്‌ ഒഴുകി തുടങ്ങിയപ്പോള്‍, എന്നാ കൊറച്ച്‌ ഭാര്യയ്ക്കും പകര്‍ന്ന് കൊടുക്കാം എന്ന് കരുതി, സ്നേഹത്തോടെ അവളെ അടുത്തേയ്ക്ക്‌ വിളിച്ചു. ദൈവം സഹായിച്ച്‌, എന്റെ മലയാളത്തിലുള്ള വെറും കൊഞ്ചല്‍സ്‌ പോലും അവള്‍ക്ക്‌ കണ്ണിന്‌ നേരെ കണ്ട്‌ കൂട, പിന്നെയല്ലെ സാഹിത്യം..!!??

"നിങ്ങക്ക്‌ വേറെ ഒരു പണീം ഇല്ല്യേ.." എന്ന പതിവു ഡയലോഗ്‌ അടിച്ച്‌, പ്രിയതമ, തലമുടിയും വാരി കുത്തി, കടക്കണ്ണുകളാല്‍ "താനിങ്ങ്‌ വാ.., തനിയ്ക്കുള്ളത്‌ ഞാന്‍ വെച്ചിട്ടുണ്ട്‌.." എന്ന അര്‍ത്ഥത്തില്‍ ഒരു നോട്ടവും സമ്മാനിച്ച്‌, കിടപ്പുമുറിയിലേയ്ക്ക്‌ ചവുട്ടി തുള്ളി കടന്നു പോയി..

എന്റെ മലയാളത്തിലുള്ള വിവരക്കേടിന്‌ അവളെ പറഞ്ഞിട്ട്‌ എന്ത്‌ കാര്യം..? നാലാം ക്ലാസ്സ്‌ വരെ, കഷ്ടിച്ച്‌, തറ, പറ, പന എന്നിവയൊക്കെ എഴുതി സമയം കളഞ്ഞു. അഞ്ച്‌ മുതല്‍ പത്ത്‌ വരെ, ജീവിതത്തില്‍ ഇന്നോളം ഒരിടത്തും ഉപയോഗിയ്ക്കാന്‍ തരം കിട്ടിയിട്ടില്ലാത്ത, "രാമ:, രാമൗ, രാമാ:"എന്നത്‌ മാത്രം ഇപ്പോഴും ഓര്‍മ്മയുള്ള, സംസ്കൃതം..

'കിണ്ടി' പഠിയ്ക്കാന്‍ എളുപ്പാവും എന്ന് പറഞ്ഞ്‌, മനയ്ക്കലെ താത്രിക്കുട്ടി ടീച്ചര്‍ കനിഞ്ഞരുളിയ കൊടും പാതകം... പോട്ടെ, അവരുടെ വയറ്റിപ്പിഴപ്പല്ലേ..

പത്ത്‌ കഴിഞ്ഞതും, തിരൂര്‍ എന്ന മലപ്പുറത്തെ അസ്സല്‍ മലയാളം.. ജ്ജ്‌, ഓന്‍, ഓള്‌....തുടങ്ങിയ കസര്‍ത്തുകള്‍ ഉള്ള ഭാഷാസാഹിത്യത്തില്‍ ചെറിയൊരു പരിചയം അത്‌ കൊണ്ട്‌ കിട്ടി... എന്തൊക്കെയായാലും, ചില തറവാടികള്‍ "അനക്കോട്ടില്ല്യ..." എന്ന് പറഞ്ഞാല്‍ എന്താന്ന് മനസ്സിലാവാനുള്ള സാമാന്യവിവരം അതുകൊണ്ട്‌ സിദ്ധിച്ചു...

അത്‌ കഴിഞ്ഞതും, നേവീലെ സാറന്മാരുടെ "ഉല്ലൂ കാ പട്ടാ", "സണ്‍ ഓഫ്‌ എ ബിച്ച്‌" തുടങ്ങിയ ഓമനപ്പേരുകളുമായുള്ള സംസര്‍ഗ്ഗം.. ഒരു പതിനാറ്‌ വര്‍ഷക്കാലം..

പിന്നീട്‌, നാട്ടില്‍ വന്ന് കുറെശ്ശെ മലയാളം പറഞ്ഞ്‌ പഠിയ്കാനൊരുങ്ങുമ്പോഴെയ്ക്കും വന്നു അടുത്ത അപ്പോയിന്റോയിന്റ്‌മന്റ്‌.. 'നീ പോയി കൊറച്ച്‌ കന്നഡ പഠിയ്ക്ക്ന്നും‘ പറഞ്ഞ്‌'.

"പാലിന്‌ വെളുത്ത നിറം" എന്നൊക്കെ കഷ്ടപ്പെട്ട്‌ പഠിച്ച്‌ തുടങ്ങിയിരുന്ന ഞാന്‍ പിന്നെ "ഹാല്‍ഗെ ബിളി ബണ്ണ" എന്നോ മറ്റോ പറഞ്ഞ്‌ തുടങ്ങി...

കഷ്ടകാലം കൊണ്ടേ പോകൂ എന്ന് പറയണ പോലെ, അടുത്ത മാറ്റം തമിഴ്‌നാട്ടിലേയ്ക്ക്‌...

"മഴ തൂളുന്നു....., ഏതാ വഴി......" എന്നൊക്കെ മലയാളത്തില്‍ അത്യാവശ്യം പറയാന്‍ പഠിച്ചിരുന്ന ഞാന്‍, ആ വക പറച്ചിലെല്ലാം അതോടെ നിര്‍ത്തി.

......... പറഞ്ഞ്‌ വന്നത്‌, എന്റെ മലയാളഭാഷാ പാണ്ഡിത്യത്തിനെ കുറിച്ച്‌...
എന്നാലും എന്ത്‌ ഭംഗിയാ നമ്മുടെ മലയാള ഭാഷയ്ക്ക്‌...!!!


അത്രയൊന്നും ഭംഗിയില്ലാത്ത, എന്റെ ഈ മലയാളഭാഷ ഒന്നു കേട്ടു നോക്കൂ...


Get this widget Track details eSnips Social DNA

Friday 18 April 2008

“വിഘ്നേശ്വരാ... ജന്മ നാളികേരം...“

പ്രിയപ്പെട്ടവരെ..

കുറച്ച് നാളുകളായി ചിന്തിച്ച് കൊണ്ടിരുന്ന ഒരു കാര്യം അവസാനം ഇന്ന് സഫലമാകുന്നു. ‘രാഗമലരുകള്‍‘ എന്ന പേരില്‍ ഒരു പുതിയ ബ്ലോഗ് നിങ്ങളുടെയൊക്കെ ആശീര്‍വാദത്തിനായി സമര്‍പ്പിയ്ക്കുന്നു.

ഒരുപാട് തെറ്റുകള്‍ വന്നിട്ടുണ്ടെങ്കിലും, ഒരു തുടക്കം എന്ന നിലയില്‍ എല്ലാവരും സഹിയ്ക്കാന്‍ അപേക്ഷിയ്ക്കുന്നു.

ഇതിന് വേണ്ട എല്ലാ ഉപദേശങ്ങളും തന്ന ശ്രീമാന്‍ ‘ബഹുവ്രീഹി‘യോടുള്ള എന്റെ കടപ്പാട് അറിയിച്ച് കൊള്ളട്ടെ..

എന്റെ ആദ്യഗാനം ഗണപതിയുടെ മുമ്പില്‍ തേങ്ങയുടച്ച് കൊണ്ട് തുടങ്ങുന്നു...തെറ്റുകള്‍ സ്നേഹപൂര്‍വം സഹിച്ച് തിരുത്തി തരുമെന്ന പ്രതീക്ഷയോടെ...

വിഘ്നേശ്വരാ ജന്മ.... എന്ന് തുടങ്ങുന്ന, ശ്രീ ജയചന്ദ്രന്‍ ആലപിച്ച, ഗണപതി സ്തുതി ഇതാ നിങ്ങള്‍ക്കായി ഇവിടെ

Get this widget | Track details | eSnips Social DNA