Wednesday 16 July 2008

“ഒന്നിനി ശ്രുതി താഴ്ത്തി...“ - ലളിതഗാനം

ഈ ഒരു മനോഹരഗാനം ഇടയ്ക്കൊക്കെ മനസ്സില്‍ വന്ന് ഉറക്കം കെടുത്തി കൊണ്ടിരിയ്ക്കുകയായിരുന്നു. അതൊന്ന്‌ പാടി നോക്കണം എന്നുള്ള കൊതി മൂത്ത് തുടങ്ങിയിട്ട് ഇത്തിരി കാലമായി. എന്നാലും അതിനുള്ള കോപ്പോ പ്രചോദന്‍സോ കിട്ടാത്തോണ്ട് മിഴുങ്ങസ്യാന്ന് ഇരിയ്ക്കുമ്പോഴാ തലയ്ക്ക് ഒരു കിണ്ണന്‍ കിഴുക്ക് കിട്ട്യേത്.

“പൊറാടത്തേ.., ഇതൊന്ന്‌ നോക്ക്വാ..............“ന്നും പറഞ്ഞ്..

എന്നാലും, അത് വന്ന ഒരു വഴിയേ....!!

ഈ ഉറക്കുപാട്ട്, ഞാന്‍ ഇങ്ങനെ കുളമാക്കുന്നതിന് മുമ്പ്, ഒരു മുന്‍ കൂര്‍ ജാമ്യം എടുത്തേക്കാം.

ഇതിന്റെ എല്ലാ ഉത്തരവാദിത്വവും, തുടക്കം മുതലേ‍ എന്നെ ചുമ്മാ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന എന്റെ സുഹൃത്ത് ഡോക്ടര്‍ അനില്‍ പിള്ളയ്ക്ക് സമര്‍പ്പിച്ചിരിയ്ക്കുന്നു.

തല്ലാന്‍ വരുന്നവര്‍ക്ക് സ്വാഗതം.... എന്നാലും, എത്ര തല്ല് കിട്ട്യാലും ഞാന്‍ നന്നാവും എന്ന് തോന്നുന്നില്ല....പരമാവുധി ശ്രമിച്ചിട്ടാ ഇങ്ങനെ തന്നെ തല്ലികൂട്ടീത്. സഹിയ്ക്കാന്‍ പറ്റാത്തവര്‍ ദയവുചെയ്ത് ക്ഷമിയ്ക്കുണം എന്ന അപേക്ഷ...

രചന : ഓ എന്‍ വി

സംഗീതം : ദേവരാജന്‍

പാടിയത് : ജയചന്ദ്രന്‍

എന്റെ ഈ കസര്‍ത്ത് ഒന്ന് കേട്ട് നോക്കൂ..

ചുരുങ്ങിയ പക്ഷം, കാലത്ത് സ്കൂളില്‍ പോകാന്‍ നേരത്തും ഉറങ്ങികൊണ്ടിരിയ്ക്കുന്ന നേഴ്സറി കുട്ടികളെ ഉണര്‍ത്താനെങ്കിലും ഉപകരിയ്ക്കും. അതിന് ഞാന്‍ ഗാരണ്ടി....




ഓ എന്‍ വി യുടെ ആ നല്ല വരികളിങ്ങനെ..

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവെ ഈ
കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ..
കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ..


ഉച്ചത്തില്‍ മിടിയ്ക്കൊല്ലെ നീ എന്റെ ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമല്‍ മയങ്ങിടുമ്പോള്‍
എത്രയോ ദൂരമെന്നോടൊപ്പം നടന്ന
പദപത്മങ്ങള്‍ തരളമായ് ഇളവേല്‍ക്കുമ്പോള്‍
താരാട്ടിന്‍ അനുയാത്ര നിദ്രതന്‍ പടിവരെ
താമര മലര്‍മിഴി അടയും വരെ

രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ
സൌവര്‍ണ്ണനിറമോലും ഈ മുഖം നോക്കി
കാലത്തിന്‍ കണികയാമീ ഒരു ജന്മത്തിന്റെ
ജാലകത്തിലൂടപാരതയെ നോക്കി
ഞാനിരിയ്ക്കുമ്പോള്‍ കേവലാനന്ദ സമുദ്രമെന്‍
പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ