Thursday, 22 January 2009

പ്രിയാ ഉണ്ണികൃഷ്ണന്റെ “വെറുതെ“

ശ്രീമതി പ്രിയാ ഉണ്ണികൃഷ്ണന്റെ പുസ്തകപ്രകാശനചടങ്ങിൽ നാലുവരി മാത്രം ചൊല്ലി അവസാനിപ്പിച്ച, പ്രിയയുടെ “വെറുതെ” എന്ന കവിത ഈണം നൽകി ഇവിടെ അവതരിപ്പിയ്ക്കുന്നു.

വളരെ ഭംഗിയായി ഇതിന്റെ ഓർക്കസ്ട്രേഷൻ ചെയ്ത് തന്ന ശ്രീ. ബഹുവ്രീഹിയോടുള്ള നന്ദി എത്ര പറഞ്ഞാലും അധികമാവില്ല.

രചന : പ്രിയാ ഉണ്ണികൃഷ്നൻ
സംഗീതം, ആലാപനം : പൊറാടത്ത്
ഓർക്കസ്ട്രേഷൻ : ബഹുവ്രീഹികവിതയുടെ വരികൾ ഇങ്ങനെ...

പറയാനിരുന്നത്‌ മറന്നു പോയി
പറഞ്ഞതെന്തെന്നോര്‍മ്മയില്ല
സൂര്യനെ സ്നേഹിച്ച പാതിരാപ്പൂവിൻ
മൗനനൊമ്പരങ്ങളിലലിയവേ

ഒരു ഹിമകണമായ്‌ മാറിയെന്നാത്മാവിൽ
നിന്‍ മണിവീണതന്‍ ശ്രീരാഗം
ആ രാഗത്തിന്‍ ശ്രുതിലയമായപ്പോൾ
പറയാനിരുന്നത്‌ മറന്നുപോയി...

പകലിനെ സ്നേഹിച്ച താരത്തെപ്പോല്‍
ഒരു കണ്ണീര്‍പ്പൂവായ്‌ വിടരവേ
ഒരു കുളിര്‍ക്കാറ്റായ്‌ വന്നുവെന്‍ ഹൃത്തില്‍
നിന്‍ ഭാവനതന്‍ സ്വരലയം
ആ ഭാവനയില്‍ വര്‍ണ്ണങ്ങളായപ്പോൾ
പറഞ്ഞതെന്തെന്നു മറന്നു പോയി...
മറക്കുകയാണു ഞാന്‍ മനപ്പൂര്‍വ്വം
പറയാനിരുന്നതും പിന്നെ പറഞ്ഞതെന്തെന്നും...

Tuesday, 13 January 2009

താരകരൂപിണീ...

അടുത്തതായി, എന്റെ ഒരിഷ്ടഗായകനായ ബ്രഹ്മാനന്ദൻ പാടിയ “താരകരൂപിണീ..” എന്ന് തുടങ്ങുന്ന ഗാനം ശ്രമിയ്ക്കുന്നു.

ചിത്രം : ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു (1973)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : ദക്ഷിണാമൂർത്തി

ഈ വെർഷൻഇവിടെനിന്നും Download ചെയ്യാം.

ഒറിജിനൽ പാട്ട് ഇവിടെനിന്നും download ചെയ്യാം

വരികൾ ഇങ്ങനെ..

താരകരൂപിണി നീയെന്നുമെന്നുടെ
ഭാവന രോമാഞ്ചമായിരിക്കും
ഏകാന്ത ചിന്തതന്‍ ചില്ലയില്‍ പൂവിടും
ഏഴിലം പാലപ്പൂവായിരിക്കും
താരകരൂപിണീ..

നിദ്രതന്‍ നീരദ നീലവിഹായസ്സില്‍
നിത്യവും നീ പൂത്തു മിന്നി നില്‍ക്കും (നിദ്രതന്‍)
സ്വപ്ന നക്ഷത്രമേ നിന്‍ ചിരിയില്‍ സ്വര്‍ഗ്ഗ
ചിത്രങ്ങളന്നും ഞാന്‍ കണ്ടു നില്‍ക്കും
താരകരൂപിണീ...

കാവ്യ വൃത്തങ്ങളില്‍ ഓമനേ നീ നവ
മാകന്ദ മഞ്ജരി ആയിരിക്കും
എന്‍ മണി വീണതന്‍ രാഗങ്ങളില്‍ സഖി
സുന്ദര മോഹനമായിരിക്കും
താരകരൂപിണീ...

ഈ ഹര്‍ഷ വര്‍ഷ നിശീഥിനിയില്‍ നമ്മള്‍
ഈണവും താളവുമായിണങ്ങി
ഈ ജീവ സംഗമ ധന്യത കാണുവാന്‍
ഈരേഴുലകും അണിഞ്ഞൊരുങ്ങി
(താരകരൂപിണി)

Tuesday, 6 January 2009

പാമരന്റെ കുട്ടിക്കവിത

എന്റെ മോൾ വർഷയെ ബൂലോകത്തിന് പരിചയപ്പെടുത്തുന്നു. ഏഴ് വയസ്സ് കഴിഞ്ഞു. ഇപ്പോൾ രണ്ടിൽ പഠിയ്ക്കുന്നു.

ഇത്രനാളും, അത്യ്യാവശ്യം ഡാൻസ് ചെയ്യാനുള്ള ഒരു ചെറിയ കഴിവുണ്ട് എന്നായിരുന്നു എന്റെ ധാരണ. പാട്ട് കേൾക്കാനോ പാടാനോ ഒന്നും ഒരു താല്പര്യവും കാണാറില്ല. എന്നാൽ അടുത്തയിടെ, ഞാൻ മൂളി നടക്കാറുള്ള ചിലത് അവളും പാടാൻ ശ്രമിയ്ക്കുന്നത് ശ്രദ്ധിച്ചു.

ശ്രീ പാമരൻ, അദ്ദേഹം എഴുതിയ ഈ കവിത എനിയ്ക്കയച്ച് തന്ന്, ഒന്ന് ശ്രമിയ്ക്കാമോന്ന് ചോദിച്ചിട്ട് കുറച്ച് കാലമായി. അതിന്റെ പരിശ്രമത്തിനിടയിൽ, എന്നെക്കാൾ നന്നായി അവൾ ഈ കവിത പഠിച്ചെടുത്തു. എന്നാ പിന്നെ ഇത് അവളെക്കൊണ്ട് തന്നെ പാടിപ്പിച്ച് നോക്കാമെന്നായി ആഗ്രഹം.

ഇപ്പോ, ഇത്, ഈ രൂപത്തിലൊക്കെയായി. ഇതിന്റെ ഓർക്കസ്ട്രേഷൻ കേട്ട് ആരും എന്നെ തല്ലരുത്. ചില സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് പരീക്ഷിച്ചതാ.. എന്തായാലും ദയവു ചെയ്ത് സഹിയ്ക്കൂ...വരികൾ ഇങ്ങനെ..

കൈതപ്പൂവിന്റെ കാതിൽ മൂളണ
കാര്യമെന്താ കരിവണ്ടേ..
കാത്തിരിയ്ക്കണ മാരനെങ്ങാനും
കാണാനെത്തനതിന്നാണോ

പതഞ്ഞൊഴുകണ പുഴയരികില്
പാത്തു നിക്കണ പൊന്മാനേ
കൂട്ടിനുള്ളിൽ വിശന്നിരിയ്ക്കണോ
കുട്ടിക്കുറുമ്പ് രണ്ടെണ്ണം

തുമ്പപ്പൂവില് തേനുറയണ്
തുമ്പിപ്പെണ്ണ് പറഞ്ഞില്ലേ
തേനുറുമ്പിന്റെ കുഞ്ഞുവായില്
കപ്പലോട്ടാനാളുണ്ടോ

കഥ പറയണ കുഞ്ഞിക്കാറ്റേ
കാട്ടിലെന്ത് വിശേഷം
മുല്ലപ്പെണ്ണിന്റെ കാതു് കുത്താൻ
തട്ടാരെത്തണതിന്നാണോ

അറനിറയണ് പറനിറയണ്
കൊടിയുയരണ് കാവിൽ
ചെറുമിപ്പെണ്ണിന്റെ പയിപ്പ് മാറ്റാൻ
ചാമയെത്തണതിന്നാണോ